യാത്രക്കിടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കശ്മീരിലെ ഉംലിഗല പാസ് 1965 മോഡൽ വണ്ടി ഓടിച്ച് കയറ്റി റെക്കോർഡ് സൃഷ്ടിച്ചു .
Reported By: സി. ഫസൽ ബാബു
മുക്കം: 19, 024 അടി ഉയരമുള്ള കാശ്മീരിലെ ഉംലിഗല പാസ് 1965, 1969 മോഡൽ വില്ലീസ് ജീപ്പുമായി കയറി റെക്കോർഡ് സൃഷ്ടിച്ച് തിരിച്ചെത്തിയ ചെറുവാടി അഡ്വഞ്ചർ ക്ലബ് അംഗങ്ങൾക്ക് നാട്ടുകാർ ഹൃദ്യമായ സ്വീകരണമൊരുക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 9 അംഗ സംഘമാണ് പഴയ മോഡലിലുള്ള 3ജീപ്പുകളിലായി 28 സംസ്ഥാനങ്ങളും നേപ്പാളും സന്ദർശിച്ച് തിരിച്ചെത്തിയത്.
41 ദിവസത്തിനിടെ11,800 കിലോമീറ്ററാണ് ഇവർ സഞ്ചരിച്ചത്. എൻഎ അൽത്താഫ്, കെ. റാഷിദ്, സി.കെ അസീബ്, പി.സി റിഷാദ്, എൻ. അജീസ് മുഹ്സിൻ, സി. മഹ്റുഫ്, എം ബാദുഷ, കെ.കെ ജിയാദ്, സി. ഷരീഫ് എന്നിവരാണ് നാടിന് അഭിമാനമായി മാറിയ താരങ്ങൾ.ലോക റെക്കോർഡാണ് കുറിച്ചതന്നും 41 ദിവസത്തെ യാത്രയിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ജനങ്ങളുടെ ജീവിതം അടുത്തറിയാനായതായും ടീം ക്യാപ്റ്റൻ അൽത്താഫ് പറഞ്ഞു.
ഇടവഴിക്കടവിൽ നാട്ടുകാർ ഒരുക്കിയ സ്വീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഗുലാം ഹുസൈൻ കൊളക്കാടൻ അധ്യക്ഷത വഹിച്ചു. മുക്കം പ്രസ് ക്ലബ് പ്രസിഡൻ്റ് സി. ഫസൽ ബാബു മുഖ്യാതിഥിയായി.ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ എം.ടി. റിയാസ്, ആയിശ ചേലപ്പുറത്ത് എന്നിവരും അബ്ബാസ് കളത്തിൽ, അഷ്റഫ് കൊളക്കാടൻ, ഷാബൂസ് അഹമ്മദ് സലീംപാറക്കൽ, നിയാസ് ചേറ്റൂർ തുടങ്ങിയവർ സംസാരിച്ചു.

